Monday, September 1, 2008

കിച്ചുവിന്റെ ചിത്രങ്ങള്‍

ഇത് ഞാനാ കിച്ചു. ന്താ ഞാന്‍ ചുന്ദരനല്ലേ?

പറയൂന്നേ...

ന്നാ ഇപ്പഴോ?



ചുമ്മാതാ ഞാനും അമ്മയും ദുബായി വന്നിട്ടേയില്ല . പപ്പായുടെ വേലയാ





Monday, March 10, 2008

കിച്ചുവിന്റെ ചിന്തകള്‍ 2

ആദ്യ പോസ്റ്റ് വായിക്കാത്തവര്‍ ഒന്ന് ക്ലിക്കിയിട്ട്
ചില്ലറ നേരമ്പോക്കുകളും അല്പം കുറച്ച് കരച്ചിലും അതിലേറെ ചിരികളുമായി എന്റെ ജീവിതം മുന്നോട്ട്. ആന്റിയുടെ മോള് (പേരു പറഞ്ഞില്ല അല്ലേ സൂഫിയ- ഞാന്‍ എന്താ വിളിക്കുക? വിളിക്കാറാവുമ്പോള്‍ പറയാം) അത്ര പ്രശ്നമൊന്നും എനിക്കിപ്പോള്‍ ഉണ്ടാക്കാറില്ല.ആന്റീടെ കയ്യില്‍ നിന്ന് നല്ല തല്ല് വേടിക്കേണ്ടി വരുമെന്ന് അവള്‍ക്കറിയാം. പിന്നെ ആന്റിയാണ് എനിക്കിപ്പോള്‍ എപ്പോഴും കൂട്ട്. അമ്മ ജോലിക്ക് പോയി തുടങ്ങി. അമ്മ പോയാലും എനിക്ക് പ്രശ്നമില്ല ആന്റി എന്റെ കൂടെ എപ്പോഴും ഉണ്ടാവും.ഞാന്‍ ഉറങ്ങാന്‍ പാട്ട് പാടി തരുന്ന ആന്റിയെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ ആന്റിയുടെ കയ്യിലിരിക്കുകയാണെങ്കില്‍ അമ്മ വന്നാല്‍ കൂടി അറിയാറില്ലെന്നൊരു പരാതി അമ്മ ആന്റിയോട് പറയുന്നത് കേട്ടു.

പക്ഷെ ആന്റിയും മോളും രണ്ട് മാസം കൂടി കഴിഞ്ഞാല്‍ അങ്ങ് ദൂരെയുള്ള സ്ഥലത്ത് പോകും. ആന്റിക്ക് ഇനി അവിടെയുള്ള സ്കൂളിലാ ജോലി. വഴക്കാളിയാണേലും ആന്റിടെ മോള് വിട്ട് പിരിഞ്ഞ് പോകുമ്പോള്‍ എനിക്ക് ഇമ്മിണി വിഷമമുണ്ട്. സ്കൂളില്‍ നിന്ന് വരുമ്പോള്‍ അവള്‍ ഓടി വന്ന് ആദ്യം തിരക്കുന്നത് എന്നെയാണല്ലോ? കയ്യിലെ ചോക്ലേറ്റ് കാണിച്ച് ആരും കാണാതെ “തരാം ട്ടോ?” എന്ന അവള്‍ പറയും. അമ്മയൊ ആന്റിയോ കണ്ടാല്‍ നല്ല പെട കിട്ടുമെന്ന് അവള്‍ക്കറിയാം. അതാണ് ഈ ഒളിച്ചുകളി. അത് എന്റെ വായില്‍ വച്ച് തരാന്‍ അവള്‍ക്ക് കഴിയാറില്ല. ആന്റി രണ്ട് മാസം കഴിഞ്ഞ് പുതിയ സ്കൂളിലെ ടീച്ചറാവാന്‍ പോകുന്നതുകൊണ്ട് ഇപ്പോഴുള്ള സ്കൂളിലെ പണി നിറുത്തി.അല്ലേലും ആ സ്കൂളിലെ വിശ്രമമില്ലാത്ത പണി ആന്റിക്ക് ഇഷ്ടമല്ലാരുന്നു.

ആന്റിടെ മോള്‍ എല്ലാവരും “കാന്താരി” എന്ന് വിളിക്കുമെങ്കിലും എന്നോട് ഇപ്പോള്‍ വലിയ കൂട്ടാണ്. സ്കൂളില്‍ നിന്ന് വന്നാല്‍ വിശേഷങ്ങള്‍ എന്നോട് പിറു പിറുക്കും.സ്കൂള്‍ ആനിവഴ്സറിക്ക് അവളുടെ ഡാന്‍സ് ഉണ്ടത്രേ.... അവള്‍ പടിച്ചതൊക്കെ എന്റെ മുമ്പില്‍ വന്ന് കാട്ടും.ഞാന്‍ ചിരിക്കും അപ്പോള്‍ അവള്‍ക്ക് എന്തു സന്തോഷമാണെന്നോ?

ഒരു ദിവസം അവള്‍ ആകെ വിഷമത്തിലാ വന്നത്. എന്റെ അടുത്ത് വന്നിട്ട് മിണ്ടാതിരുന്നപ്പോള്‍ എനിക്ക് ബോറായി.ഞാന്‍ “ങ് ഗാ‍ാ ങ് ഗാ” ന്ന് മൂളി.
“മിണ്ടാതിരിയെടാ..., ഞാന്‍ വിഷമിച്ചിരിക്കുകയാണെന്ന് അറിയില്ലേ?“പിന്നെ ഞാന്‍ മിണ്ടിയില്ല.
“ടാ എനിക്ക് ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് കിട്ടി. ഫോറെ ഉള്ളൂ. അതേ തന്നുള്ളൂ, ആ ദുഷ്ട ടീച്ചര്‍ . നശിച്ച സ്കൂള്‍ എന്തായാലും കുറച്ച് നാള്‍കൂടി മതിയല്ലോ അവിടുത്തെ പഠിത്തം”.
“ങ് ങ് ങ് ഗാ ” ഞാന്‍ വീണ്ടും മൂളികേട്ടു.
“ഞാന്‍ മമ്മിയുടെ കൂടെ പോവുകയാണല്ലോ ? അവിടെ പുതിയ സ്കൂളില്‍, നീ വരുന്നോ? നിന്നെയും ആന്റിയെയും കൂടി കൊണ്ട് പോവാമെന്ന് ഞാന്‍ മമ്മിയോട് പറയാം ട്ടോ?
ഞാന്‍ ചിരിച്ചു. അവള്‍ക്ക് സന്തോഷമായി.
ആന്റി മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞപ്പോള്‍ ,പുതിയ സ്കൂളില്‍ ഞാന്‍ ചെല്ലട്ടെ... നിന്റെ ഇഷ്ടത്തിന് ഞാന്‍ മാര്‍ക്ക് വേടിച്ചു തരാമെന്ന് അവള്‍ പറയുന്നത് കേട്ടു.
പിന്നെ ഒരു ദിവസം അവള്‍ വന്നത് പുതിയ പ്രഖ്യാപനവുമായിട്ടാരുന്നു. “ ഞാന്‍ നാളെ മുതല്‍ ഈ സ്കൂളില്‍ പോകുന്നില്ല!” കാരണം അന്വേഷിച്ച അമ്മച്ചിക്ക് കിട്ടിയ മറുപടി ഇന്ന് സ്പോര്‍ട്സ് ഡേ ആയിരുന്നു. ഒരുപാട് ഐറ്റത്തില്‍ അവള്‍ പങ്കെടുത്തെങ്കിലും ഒന്നിനും മുന്‍പിലെത്താന്‍ കഴിഞ്ഞില്ല.

പാവം അമ്മച്ചി അവളെ സമാധാനിപ്പിച്ചു. ആ സ്കൂളില്‍ അവളുടെ ക്ലാസിലുള്ള മറ്റു കുട്ടികളെല്ലാം അവളെക്കാള്‍ ഒരു വയസിന് മുതിര്‍ന്നവരാണെന്നുള്ള ന്യായമാണ് അമ്മച്ചി കണ്ടെത്തിയത്.
അവളുടെ സ്കൂള്‍ വീടിന് തൊട്ട് അടുത്തായതുകൊണ്ട് ആനിവേഴ്സറിക്ക് ആന്റിയോടൊപ്പം ഞാനും അമ്മയും പോയി.

നല്ല പെര്‍ഫോമന്‍സായിരുന്നു നമ്മുടെ സൂഫിയയുടേതെന്ന് അമ്മ ആന്റിയോട് പറയുന്നത് കേട്ടു. കൊട്ടും മേളവും കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അത് കൊണ്ട് ഞാനും അമ്മയും പെട്ടെന്ന് തിരികെ വീട്ടില്‍ പോന്നു.

ഞങ്ങള്‍ വീട്ടില്‍ വന്ന് അല്പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു അവള്‍ ഡാന്‍സിന്റെ വേഷത്തില്‍ തനിച്ച് , മുഖം കരഞ്ഞ് കലങ്ങിയിട്ടുണ്ട്. ആന്റി കൂടെയില്ലാരുന്നു.
അമ്മ എന്നെ അമ്മച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് ഓടി പോയി അവളെ എടുത്തു.കാര്യം തിരക്കിയപ്പോള്‍ അവളുടെ നിലവിളി ഉച്ചത്തിലായി.പിന്നീടാണറിഞ്ഞത് കലാപരിപാടികള്‍ കഴിഞ്ഞ് സ്കൂളില്‍ ടോപ് സ്കോറര്‍സിന്റെയും സ്പോര്‍ട്സ് ജേതാക്കളുടെയും സമ്മാന ദാനം ഉണ്ടായിരുന്നു.

അവളുടെ കൂട്ടുകാരികളുടെ എല്ലാം പേരു വിളിച്ച് ഫാദര്‍ ഓരൊ സമ്മാനങ്ങള്‍ കൊടുത്തു. അടുത്ത കൂട്ടുകാരി ഫാത്തിമയുടെ പേരുവിളിച്ചപ്പോള്‍ അവളുടെ കയ്യില്‍ പിടിച്ച് വേദിയിലേക്ക് കയറിപോകാന്‍ ശ്രമിച്ചപ്പോള്‍ ,ഒരു ടീച്ചര്‍ ഇവളെ പിടിച്ചു മാറ്റി.

പ്രതിഷേധത്തിലാണ്, ആരും അറിയാതെ താഴെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് തിരികെ പോന്നത്. സ്കൂളിന്റെ മുറ്റത്ത് നിന്ന് ആന്റി നോക്കുന്നുണ്ടായിരുന്നു. ന്റെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവരൊക്കെ വലിയ പിള്ളേരായതു കൊണ്ടല്ലേ അവരോട് മത്സരിച്ച മോള്‍ തോറ്റത്.മോള്‍ ഇനി പുതിയ സ്കൂളില്‍ പോകുമ്പോള്‍ അവിടെ എല്ലാത്തിനും ഒന്നാമത് ആവുമല്ലോ? പിന്നെ ഇതെന്താ സ്കൂള്. അവിടെയാകുമ്പോള്‍ മോള്‍ക്ക് പഴയതു പോലെ ഹിന്ദിയും ഇഗ്ലീഷും പറയുന്ന കൂട്ടുകാരെയും‍, ടീച്ചേഴ്സിനെയും കിട്ടുമല്ലോ?. (നേരത്തെ ഇവള്‍ 3 വയസ് വരെ നോര്‍ത്ത് ഇന്ത്യയില്‍ അവളുടെ പപ്പയുടെ ജോലിസ്ഥലത്തായിരുന്നു.)

ഇനി ഒരു ദിവസം കൂടി ഞാനീ സ്കൂളില്‍ പോകുന്നില്ല എന്ന പ്രഖ്യാപനത്തോടെയാണ് അന്ന് അവള്‍ കരച്ചില്‍ അവസാനിപ്പിച്ചത്.പിന്നീട് കൂട്ടുകാരി ഫാത്തിമ വന്ന് തനിക്ക് കിട്ടിയ രണ്ട് സമ്മാനങ്ങളില്‍ ഒന്ന് അവള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ട് കൂടി അത് വാങ്ങാന്‍ ആത്മാഭിമാനം അവളെ സമ്മതിപ്പിച്ചില്ല.അവസാനംഎന്റെ അമ്മയുടെ അനുനയത്തിലാണ് അവള്‍ ഒതുങ്ങിയത് .

“കിച്ചുന്റെ പപ്പ, നിന്റെ അങ്കിള്‍ വരുമ്പോള്‍ നിനക്ക് എന്താ സമ്മാനം വേണ്ടതെന്ന് പറഞ്ഞാല്‍ പോരെ? നിനക്ക് കൊണ്ടു തരില്ലേ?” എന്റെ അമ്മ അവളോട് പറഞ്ഞു. അതോട് കൂടി പുതിയ സമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലേക്ക് അവള്‍ പോയി.

പപ്പ ഉടനെ വരുമെന്ന് അമ്മ പറയുന്നു. പക്ഷെ പപ്പ വരുമ്പോഴേക്കും ആന്റിയും അവളും പോകില്ലേ?

Wednesday, January 30, 2008

ഞാന്‍ കിച്ചു

ഞാന്‍ കിച്ചു. എന്റെ പ്രായം എത്രായാന്നറിയോ ? 4 മാസമേ ആയുള്ളൂ.ഹ ഹ നാലുമാസമേ ആയുള്ളുവെങ്കില്‍ നീയെങ്ങനാ കഥ എഴുതുന്നേ? ന്നാവും ഇപ്പോഴുള്ള നിങ്ങടെ ചോദ്യം. ന്റെ പപ്പയാ എഴുതുന്നത് ഇത്.

4 മാസം മുമ്പാ ഞാന്‍ ജനിച്ചത്. ഒരു ആശുപത്രിയില്‍ . ഒരു നഴ്സ് ന്നെ എടുത്തു കൊണ്ട് ന്റെ മുത്തശീടെ കയ്യില്‍ കൊടുത്തു. (മുത്തശ്ശീനെ അമ്മച്ചീന്ന് വിളിക്കാനാ ഉദ്ദേശിച്ചിരിക്കുന്നേ). അപ്പോഴാണ് ഞാന്‍ ആദ്യമായി ന്റെ പപ്പായെ കാണുന്നത്.അല്‍പ്പം ബുള്‍ഗാന്‍ താടിയൊക്കെ വച്ചിട്ടുള്ള ആകാംക്ഷ നിറഞ്ഞ മുഖം, ന്റെ ദേഹത്തു ആ മുഖം മുട്ടിച്ചു ട്ടോ , ആ കുറ്റി രോമങ്ങള്‍ എന്നെ നോവിച്ചിട്ടുണ്ടാവണം . ഞാന്‍ കരഞ്ഞു. അത് മനസിലായിട്ടാവണം . പിറ്റേ ദിവസം പപ്പ വന്നപ്പോള്‍ ക്ലീ ഷേവ് ആയിരുന്നു.

ആ ദിവസങ്ങളില്‍ എനിക്ക് ഉറക്കം കൂടുതലായിരുന്നു. അതാവണം എന്റെ ആന്റീടെ മോള്‍ ന്റെ അമ്മയോട് ചോദിച്ചത് “ ഞാന്‍ കാണാന്‍ വരുമ്പഴെല്ലം ഈ വാവയെന്താ ഉറങ്ങുന്നത്?. “ എന്നെ ഉണര്‍ത്തിയതുകൊണ്ടാവണം ഞാനിത്രയും കേട്ടത്.അമ്മയോട് ചേര്‍ന്ന് കിടന്നുള്ള ഉറക്കവും രാത്രി യില്‍ അമ്മയെ ഉറക്കാതെ യുള്ള കരച്ചിലും എനിക്ക് രസമായിരുന്നല്ലോ?


പിന്നെ എന്റെ അമ്മ ജനിച്ചു വളര്‍ന്ന വീട്ടിലായിരുന്നു 2 മാസത്തോളം.അവിടെ യെത്തി 2 ദിവസം കഴിഞ്ഞപ്പോഴേക്കും പപ്പ ദുബായിലേക്ക് തിരിച്ചു പോയി. പോകുന്ന ദിവസം എന്നെ എടുത്ത് കുറേ നേരം എന്റെ മുഖത്ത് നോക്കിയിരുന്ന പപ്പ, അടുത്ത് വേദനയോടെ പപ്പയെ യാത്രയാക്കാന്‍ ശ്രമിക്കുന്ന അമ്മ,അവരുടെ ഇടയിലാരുന്നു ഞാന്‍ അധികസമയവും. എനിക്കും വിഷമം തോന്നിയ ദിവസമായിരുന്നു അത്. പപ്പ കുറേക്കാലം കഴിഞ്ഞ് എനിക്ക് സമ്മാനങ്ങളുമായി വരുമെന്ന് സ്വപ്നം കാണാന്‍ അറിയില്ലായിരുന്നു അന്നെനിക്ക്.

അവിടെ ഓരോരുത്തരും എന്റെടുത്ത് വന്ന് മുഖത്ത് നോക്കി ചിരിക്കും, കാര്യം പറയും, പപ്പയുടെ പേരിനോട് കുഞ്ഞേയെന്ന് ചേര്‍ത്തു വിളിക്കും. ഇവരുടെ കാര്യം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ദേഷ്യം വന്നാല്‍ ഞാന്‍ എന്റെ മുഖം ചുളിച്ച് കരയും. മമ്മി വന്നെടുത്താലേ ഞാന്‍ പിന്നെ കരച്ചില്‍ നിറുത്തു.പുറത്ത് റോഡിലൂടെ പോകുന്ന വണ്ടി ഹോണ്‍ മുഴക്കുമ്പോള്‍ ഞാന്‍ ഞെട്ടും. ഞാന്‍ കുഞ്ഞല്ലേ ഇവര്‍ക്കു ഹോണ്‍ മുഴക്കാതെ പോയാലെന്താ?. അടുത്തു സ്കൂളില്‍ പഠിക്കുന്ന ചേട്ടന്മാര്‍ റോഡിനു നടുവില്‍ നിന്നും മാറാത്തതു കൊണ്ടാവും വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നത്.

ഇടയ്ക്ക് അവധി ദിവസങ്ങളില്‍ ആന്റിയുടെ കൂടെ എന്നെ കാണാന്‍ വരുന്ന ആന്റിടെ മോള്‍ കിച്ചുവാവയെ നമ്മടെ വീട്ടില്‍ കൊണ്ടുപോവണമെന്ന് നിര്‍ബന്ധം കൂട്ടുമായിരുന്നു. ഒടുവില്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടാണ് അവള്‍ അവിടം വിട്ട് പോരുന്നത്. ഈ സമയത്താണ് അമ്മച്ചിയ്ക്ക് (പപ്പയുടെ അമ്മ) സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റായതും . അമ്മച്ചി ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്നാണ് ഞാന്‍ എന്റെ വീട്ടിലെത്തുന്നത് . എന്നെ കണ്ടപ്പോ അമ്മച്ചിയുടെ അസുഖമെല്ലാം മാറിയെന്ന് പിന്നീട് ആന്റി പറയുന്നത് കേട്ടു.

പിറ്റേന്ന് ആന്റീടെ മോള് ( എന്തു വിളിക്കണമെന്ന് തീര്‍മാനിച്ചിട്ടില്ല, നാക്ക് വയങ്ങും പോലെയാവും) സ്കൂളിലെ ഫുള്‍ ടീമുമായി ആണ് വന്നത്. എന്നെ അവര്‍ക്ക് കാണിച്ചു കൊടുത്ത് അവള്‍ ഗമപറയുന്നുണ്ടായിരുന്നു. എനിക്കും രസമുണ്ടായിരുന്നു അവരെ കാണാന്‍ എല്ലാവരും ഒരേ കളറിലും സ്റ്റയിലിലുമുള്ള ഡ്രസാണു ധരിച്ചിരുന്നത്. ഇടക്ക് ഒരാള്‍ എന്നെ തൊട്ട് നോക്കാന്‍ മുതിര്‍ന്നപ്പോള്‍ അവളുടെ കൈ തട്ടിമാറ്റി വഴക്ക് പറയാനും തുടങ്ങി അവള്‍. എന്നെ തൊടുന്നതിന് നാളെ മുതല്‍ കൂട്ടുകാരില്‍ നിന്ന് എന്തെങ്കിലും കൈക്കൂലി ഡിമാന്റ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. ആന്റീടെയല്ലേ മോള്‍.

ഇപ്പോള്‍ എനിക്ക് ചിരിക്കാനറിയാമെന്നാ അമ്മ പറയുന്നത്. പതുക്കെ കമിഴ്ന്ന് കിടക്കാനും ശ്രമിക്കും. അല്ലെങ്കി തന്നെ എന്നും ഇങ്ങനെ കിടക്കാന്‍ ആരാ ഇഷ്ടപെടുക?.ആന്റീടെ മോള്‍ ഞാന്‍ വിചാരിച്ച പോലെയല്ല ചിലപ്പോള്‍ എന്നെ നോവിക്കും. അവളുടെ പപ്പ വന്നതില്‍ പിന്നെയാ പ്രശ്നം . അവളുടെ പപ്പ എന്നെ എടുത്ത് കൊഞ്ചിക്കുന്നത് അവള്‍ക്കിഷ്ടമല്ല. അതാണ് എന്നെ തരംകിട്ടിയാല്‍ നോവിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്നാ എല്ലാരും പറയുന്നത്. പിന്നെ ചിലപ്പോള്‍ അവള്‍ അമ്മയുമായും വഴക്കിടും എന്നെ അവള്‍ക്ക് കുളിപ്പിക്കണം ,എണ്ണതേപ്പിക്കണം, അവളുടെ ചോക്ലയിറ്റ് അവള്‍ തന്നെ എന്റെ വായില്‍ വച്ചുതരണം . ഇതൊക്കെയാണ് ആവശ്യങ്ങള്‍ . അമ്മ സമ്മതിക്കില്ല . അല്ലെങ്കില്‍തന്നെ ആ കൈ കാണുമ്പോഴേഎനിക്കു പേടിയാണ്,.എപ്പോഴാണ് ആ വിരലുകള്‍ എന്റെ തൊലിയില്‍ അമരുക എന്ന് പറയാനാവില്ലല്ലോ?

(തുടരും)